തച്ചങ്കരിയെ മാറ്റിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയുന്നു
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഗണ്യമായി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ നിലവിലെ സാമ്പത്തിക അടിത്തറ തകരുമെന്നു കാണിച്ച് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കത്ത് നല്‍കി. സൗത്ത്, സെന്‍ട്രല്‍,നോര്‍ത്ത് സോണുകളിലെ മേധാവിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. സര്‍വ്വീസ് നടത്തിപ്പിന്റെ അപാകതയാണ് കളക്ഷന്‍ ഗണ്യമായി കുറയാന്‍ കാരണമെന്ന് വിലയിരുത്തുന്നതായും സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്താനും നിര്‍ദേശമുണ്ട്.യൂണിറ്റ് തലത്തിലുള്ള മുഴുവന്‍ ഇന്‍സ്പെക്ടര്‍മാരെയും ഓഫീസ്, വര്‍ക്ഷോപ്പ് അധികാരികളെയും സര്‍വ്വീസ് ഓപ്പറേഷനുമായി ബന്ധപ്പെടുത്തി ചുമതല നല്‍കണമെന്നും പ്രതിദിന വരുമാനം ഓരോ യൂണിറ്റിനും നല്‍കിയിരിക്കുന്ന ടാര്‍ഗറ്റില്‍ എത്തിക്കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കത്ത് ഇറക്കി രണ്ടു ദിവസം പിന്നിട്ടിട്ടും വരുമാനം താഴേക്കു തന്നെയാണെന്നാണ് കണക്കുകള്‍.
ജനുവരിയില്‍ 8.5 കോടി രൂപ വരെയായിരുന്നു കെ.എസ്.ആര്‍.ടി.സി.യ്ക്ക് ചില ദിവസങ്ങളില്‍ കളക്ഷന്‍ കിട്ടിയതെങ്കില്‍ കഴിഞ്ഞ ദിവസത്തെ വരുമാനം 5.85 കോടി രൂപ മാത്രമാണ്. കെ.എസ്.ആര്‍.ടി.സി. എം.ഡി. സ്ഥാനത്തുനിന്നും ടോമിന്‍ ജെ തച്ചങ്കരിയെ സര്‍ക്കാര്‍ നേരത്തെ മാറ്റിയിരുന്നു.
നിയമന ഉത്തരവു കിട്ടാത്തതിനാല്‍ പുതിയ എം.ഡി. എം.പി.ദിനേശ് ഇതു വരെ ചുമതല ഏറ്റെടുത്തിട്ടുമില്ല. ഇതിനെ തുടര്‍ന്ന് യൂണിയനുകള്‍ ആണ് എല്ലാം നിയന്ത്രിക്കുന്നത്. കുത്തഴിഞ്ഞ നിലയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴുള്ള പോക്ക് എന്ന് വരുമാനം കുറയുന്നതില്‍ നിന്നും വ്യക്തമാണ്.