നിഷ ജോസ് കെ മാണി മത്സരിക്കില്ല എന്ന് ജോസ് കെ മാണി
ലോക് സഭാ തിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം തള്ളി ജോസ് കെ മാണി. നിഷ മത്സരിക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്സിന് രണ്ട് സീറ്റ് അവകാശപ്പെട്ടതാണെന്നും ലയനതിന് ശേഷം അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗം ജാഥയില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും ജാഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ജാഥയ്ക്ക് അങ്കമാലിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ജാഥയ്ക്ക് സ്വീകരണം നല്‍കാന്‍ അങ്കമാലിയില്‍ എത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും ഒരുപോലെ ജനദ്രോഹ നടപടികളാണ് തുടരുന്നത് എന്നും ഇതിനുള്ള തിരിച്ചടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടര്‍ക്കും ലഭിക്കും എന്നും ജോസ് കെ മാണി പറഞ്ഞു. അങ്കമാലിയിലെ സ്വീകരണത്തിനുശേഷം പെരുമ്പാവൂര്‍ ആലുവ എറണാകുളം എന്നിവിടങ്ങളിലാണ് ജാഥയ്ക്ക് മറ്റു സ്വീകരണ പരിപാടികള്‍ ഉള്ളത്.