മോഹന്‍ലാലിനെ വിടാതെ ബിജെപി ; തീരുമാനം ലാലിന്‍റെ കയ്യില്‍ എന്ന് സുഹൃത്തുക്കള്‍

തിരുവനന്തപുരത്ത് മോഹന്‍ലാലിനെ തന്നെ സ്ഥാനാര്‍ഥിയാക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബി ജെ പിയും ആര്‍ എസ് എസും. കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം.

പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാന്‍ സര്‍വേ നടത്തുകയാണ് അവര്‍ ഇപ്പോള്‍. വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ് എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പൊതുചര്‍ച്ച ഉയര്‍ന്നു വന്നതും സര്‍വേയുടെ ഭാഗമായാണ്.

പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാനാണ് തീരുമാനം. കുമ്മനത്തിന്റേയും കെ സുരേന്ദ്രന്റേയും കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം മനസുവച്ചാല്‍ മതി. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇത് പോര.

മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന്കൂടി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതിനാല്‍ ചര്‍ച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആര്‍എസ്എസിന്റെ നോട്ടവും ലാല്‍ തന്നെയാണ്. തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രവേശ കാര്യത്തില്‍ തീരുമാനം മോഹന്‍ലാലിന്റേത് മാത്രമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് അശോക് കുമാര്‍ പറയുന്നു. അതേസമയം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയക്കാരനായി ബ്രാന്‍ഡ് ചെയ്യാന്‍ മോഹന്‍ലാല്‍ ആഗ്രഹിക്കില്ലെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്. മോഹന്‍ലാല്‍ മത്സരിക്കരുത് എന്ന് കാട്ടി കഴിഞ്ഞ ദിവസം ആരാധകര്‍ രംഗത്ത് വന്നിരുന്നു.