പ്രളയത്തില്‍ ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ നോബല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ശശി തരൂർ

പ്രളയത്തില്‍ അകപ്പെട്ടുപോയ ആയിരങ്ങളെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.പ്രളയത്തില്‍ സ്വജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ നൊബേല്‍ കമ്മിറ്റി ചെയര്‍പേഴ്സണു കത്ത് നല്‍കി .

കേരളത്തില്‍ പ്രളയ സമയത്ത് സ്വന്തം ജീവനും, രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടുകള്‍ സംഭവിക്കുമെന്ന് ഉറപ്പുണ്ടായിട്ടുകൂടി ജീവിത മാര്‍ഗമായ ബോട്ടുകളുമെല്ലാം പുറത്തിറക്കി സഹജീവികളുടെ രക്ഷയ്ക്കായി രംഗത്തിറങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. പ്രദേശത്തെ അവസ്ഥകളെല്ലാം കണക്കുകൂട്ടി അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പ്രളയകാലത്ത് രക്ഷയായതെന്ന് ശശി തരൂര്‍ ബെറിറ്റ് റേയ്സ് ആന്‍ഡേഴ്സണ് നല്‍കിയ കത്തില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് ബോട്ടില്‍ കയറാന്‍ പ്രയാസപ്പെട്ടവര്‍ക്ക് ചവുട്ടി കയറാന്‍ തന്റെ മുതുക് കാണിച്ച് കൊടുത്ത ജെയ്സലിന്റെ ചിത്രം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നന്മയുടേയും മനോഭാവത്തിന്റേയും അടയാളമാണെന്നും തരൂര്‍ പറഞ്ഞു.