അധോലോകവും കൊണ്ട് വന്നാല്‍ കാപ്പി മുട്ടിയ്ക്ക് പെടയ്ക്കും : പി.സി.ജോര്‍ജ്ജ്

തന്റെ അടുത്ത് അധോലോകവും കൊണ്ട് വന്നാല്‍ കാപ്പി മുട്ടിയ്ക്ക് നല്ല പെട പെടയ്ക്കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ഈരാറ്റുപേട്ടയില്‍ ഒരനക്കമുണ്ടായാല്‍ ആയിരക്കണക്കിന് പേരെത്തുമെന്നും ഇതിനെല്ലാം തനിക്ക് ഒരു ഫോണ്‍ മതിയെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. അധോലോക കുറ്റവാളി രവി പൂജാരി പി.സി.ജോര്‍ജ്ജിനെ വിളിച്ചിരുന്നുവെന്ന ഇന്റലിജന്‍സ് സ്ഥിരീകരണത്തിനു ശേഷമായിരുന്നു പി.സി.ജോര്‍ജ്ജിന്റെ ഇത്തരത്തില്‍ ഉള്ള പ്രതികരണം.

+8244 എന്ന നമ്പറില്‍ നിന്നും വന്ന കോളില്‍ പിന്നീട് മറ്റൊരാള്‍ ഫ്രാങ്കോയെ രക്ഷിക്കാന്‍ താന്‍ ആരാണെന്നാണ് മലയാളത്തില്‍ ചോദിച്ചത്. തപ്പി തടഞ്ഞുള്ള മലയാളമല്ല ശുദ്ധ മലയാളത്തിലായിരുന്നു സംസാരം. ഇതിനു പിന്നില്‍ മലയാള ബന്ധമുണ്ടെന്ന് കരുതുന്നു. ഫ്രാങ്കോയുമായി ബന്ധപ്പട്ടായിരുന്നു സംസാരം. അതു കൊണ്ടു തന്നെ ആ സെറ്റാണ് ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നതെന്ന് ഉറപ്പാണ്.

ഗുണ്ടകള്‍ക്കെതിരെ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും പി.സി.ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. തനിക്ക് രവി പൂജാരിയില്‍ നിന്നും ഭീഷണി കോള്‍ വന്നെന്നു പറഞ്ഞപ്പോള്‍ ട്രോള്‍ ഇറക്കിയവനൊക്കെ ഇപ്പോള്‍ കിട്ടിയില്ലേയെന്നും പി.സി. ജോര്‍ജ്ജ് ചോദിച്ചു.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് പ്രതിയും അധോലോക നായകനുമായ രവി പൂജാരി പിസി ജോര്‍ജിനെ ആറ് തവണ വിളിച്ചതായി നേരത്തെ ഇന്റലിജന്‍സ് സ്ഥിരീകരിച്ചിരുന്നു. പോലീസ് ശേഖരിച്ച രവീ പൂജാരിയുടെ നമ്പറുകളില്‍ പി സി ജോര്‍ജിന് വന്ന നമ്പറും ഉണ്ട്. ജനുവരി 11,12 തിയതികളില്‍ സെനഗലില്‍ നിന്നാണ് കോള്‍ വന്നത്. നേരത്തെ പ്രതികളുടെ ടെലിഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. മുംബൈയില്‍ നിന്ന് വിളിച്ച കോളുകളുടേതാണ് രേഖകള്‍.