സര്‍ക്കാര്‍ ചിലവില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചു ; മായാവതിക്ക് നേരെ കോടതി
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ സാമാജിക് പരിവര്‍ത്തന്‍ സ്ഥല്‍ എന്ന അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്റെയും കന്‍ഷിറാമിന്റെയും പ്രതിമകള്‍ക്കൊപ്പം സ്വന്തം പ്രതിമകളും കൂടി സ്ഥാപിച്ചതിന് ബി എസ് പി നേതാവ് മായാവതിയ്ക്ക് സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. പണം മായാവതിയ്ക്ക് തിരിച്ചടയ്‌ക്കേണ്ടി വരുമെന്നാണ് പ്രഥമദൃഷ്ട്യാ നിരീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസ് ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് അംഗങ്ങള്‍. കേസില്‍ ഇനി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് മാസത്തിലേക്ക് കേസിന്റെ വാദം മാറ്റണമെന്ന് മായാവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ബിഎസ്പി അധികാരത്തിലിരുന്ന 2006-ലാണ് ഉത്തര്‍പ്രദേശിലെമ്പാടും നിരവധി പ്രതിമകള്‍ സ്ഥാപിക്കാന്‍ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രതിമകള്‍ക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായി. പ്രതിമാനിര്‍മാണക്കരാറുകളില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്തിരുന്നു.