കാസര്‍ഗോഡ് കുരങ്ങു പനി പടരുന്നു ; വൈറസ് പടര്‍ത്തുന്ന ചെളളുകളെ കണ്ടെത്തി
കാസര്‍ഗോഡ് ജില്ലയിലും കുരങ്ങു പനി വ്യാപിക്കുന്നതായി കണ്ടെത്തല്‍. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് വൈറസ് പടര്‍ത്തുന്ന ചെള്ളുകളെ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങുപനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്. പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയത്.
കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം പക്ഷികളിലൂടെയും വൈറസ് പടരാറുണ്ട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്.
പ്രധാനമായും കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന ആദിവാസി മേഖലകളിലാണ് പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളത്. കുരങ്ങില്‍ നിന്ന് ഉത്ഭവിക്കുന്ന പനി മനുഷ്യരില്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ രോഗം പടരാന്‍ സാധ്യതയുളള മേഖലകളില്‍ വനത്തിനകത്ത് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലെത്തണമെന്ന് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക പറഞ്ഞു. കളക്ടറേറ്റില്‍ സംശയനിവാരണത്തിന് പ്രത്യേക സെല്ലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
രോഗം ബാധിച്ച കുരങ്ങില്‍ നിന്നുമുള്ള ചെളളുകളാണ് മനുഷ്യരിലേക്ക് രോഗം പടര്‍ത്തുന്നത്. ശരീരവേദന, വിറയല്‍, പനി, തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ നിറവ്യത്യാസം, മൂക്കില്‍ നിന്നും രക്തംവരല്‍ എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. രണ്ടു ഘട്ടങ്ങളിലായാണ് രോഗബാധയുണ്ടാകുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തലച്ചോറിനെ വരെ ബാധിക്കുന്ന രോഗമാണിത്. വനപ്രദേശങ്ങള്‍ക്ക് സമീപത്തുളളവര്‍ പുറത്തിറങ്ങുമ്പോള്‍ കാലുകളില്‍ ചെള്ള് കയറാത്ത വിധമുള്ള ബൂട്ടുകള്‍ ധരിക്കുകയും കൈ മുഴുവനായും മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ചെള്ള് ശരീരത്തില്‍ കയറുന്നത് ഒഴിവാക്കാനായി ലേപനങ്ങള്‍ പുരട്ടുക.
ചെള്ളുകള്‍ ശരീരത്തില്‍ കയറിയാല്‍ ഉടന്‍ തന്നെ ഇവയെ നീക്കം ചെയ്ത ശേഷം കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ആദ്യം പനി വന്ന് കുറഞ്ഞ ശേഷം വീണ്ടും പനിമൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്കെത്തുകയുമാണ് ചെയ്യുന്നത്.