കുഞ്ഞനന്തന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ; രൂക്ഷ വിമര്‍ശനവുമായി കോടതി

കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു കോടതി. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ വാദത്തെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച കോടതി സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത് മെഡിക്കല്‍ കോളജുകളില്ലേ എന്ന് ചോദിച്ചു. ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ടിപി കേസില്‍ ജയിലില്‍ കഴിയുന്ന പി കെ.കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തന്‍ പറഞ്ഞു.

കുറ്റവാളികള്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ മറുചോദ്യം. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തന്‍ കോടതിയില്‍ പറഞ്ഞു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ കോടതിയില്‍ നിരത്തിയ അസുഖങ്ങളെല്ലാം സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേ എന്ന് കോടതി ചോദിച്ചു. ഗുരുതരമായ സന്ധിവേദനയും പ്രമേഹവും അടക്കമുള്ള കാരണങ്ങളാണ് കുഞ്ഞനന്തന്‍ കോടതിയില്‍ പറഞ്ഞത്.

പികെ കുഞ്ഞനന്തന്‍ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ സി കെ ശശീന്ദ്രന്‍ വാദിച്ചു. ഇപ്പോഴും സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ്. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന് അഭിഭാഷകന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

കുഞ്ഞനന്തനെ ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരും എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞനന്തന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി