മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖം : രാഹുല്‍ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അംബാനിയ്ക്കായി പ്രതിരോധ മന്ത്രാലയത്തെ മോദി കൊള്ളയടിച്ചെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദി കൊള്ളയടിച്ചതായി തെളിഞ്ഞു കഴിഞ്ഞു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇടപാട് നടന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നു. റഫാലിലെ സുപ്രിം കോടതിയെ വിധിയെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം നടത്തിയത്. മോഹന്‍ കുമാറിന്റെ കുറിപ്പ് ഉയര്‍ത്തിയാണ് രാഹുലിന്റെ ചെറുത്ത് നില്‍പ്പ്.
മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണ്. വദ്രയ്ക്ക് എതിരെയും ചിദംബരത്തിന് എതിരെയും അന്വേഷണം ആകാം. അതോടൊപ്പം റഫാലും അന്വേഷണ വിധേയമാക്കണം.സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷിക്കണം. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്തയുടെ പരാമര്‍ശം ശരിയാണ്. പ്രധാനമമന്ത്രി ഫ്രഞ്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തി. അത് സത്യമാണ്.
പ്രതിരോധ മന്ത്രാലയത്തെ മറികടന്നാണ് ചര്‍ച്ച നടത്തിയത്. 30,000കോടി രൂപയാണ് മോദി മോഷ്ടിച്ച് അംബാനിയ്ക്ക് നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ഏഴംഗ സമിതി ചര്‍ച്ച നടത്തിയെന്ന വാദം നുണയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് കാണിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ 2015 ല്‍ എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ചര്‍ച്ചകള്‍ നടന്നുവെന്നാണ് കത്തിലുള്ളത്. മനോഹര്‍ പരീക്കറിനാണ് കത്തയച്ചത്.
സമാന്തര ചര്‍ച്ചകള്‍ ദോഷം ചെയ്തെന്നാണ് കത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രമാണ് പുറത്ത് വിട്ടത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തി. ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.