വിഷമദ്യ ദുരന്തം മരണം എഴുപതായി ; ചികിത്സ വൈകിയത് മരണസംഖ്യ കൂട്ടി
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. യു.പി.യിലെ സഹാരന്‍പുരില്‍ 36 പേരും കുശിനഗറില്‍ എട്ടു പേരും ഉത്തരാഖണ്ഡിലെ റൂര്‍ക്കി, ഹരിദ്വാര്‍ മേഖലയില്‍ 28 പേരുമാണ് മരിച്ചത്. പലരും ഗുരതരാവസ്ഥയിലായതിനാല്‍ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
മദ്യത്തിന് വീര്യം കൂട്ടാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഒരേ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച മദ്യമാണ് രണ്ട് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്തത്.
അമാവാസി ദിനത്തില്‍ രാത്രി നടന്ന ആഘോഷ പരിപാടികളിലാണ് ഗ്രാമവാസികള്‍ വ്യാജമദ്യം കഴിച്ചത്. വ്യാജമദ്യം കഴിച്ചവര്‍ക്ക് നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്. വ്യാജമദ്യം ഉത്തരാഖണ്ഡില്‍ നിന്നാണ് യുപിയിലെ സഹാറന്‍പുരില്‍ എത്തിയതെന്നാണ് യുപി പോലീസ് ഭാഷ്യം.
ഉത്തരഖണ്ഡിലെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സഹരന്‍പുരില്‍ നിന്ന് ചിലര്‍ പോയിരുന്നു. അവരാണ് മദ്യകുപ്പികള്‍ സഹരന്‍പുരില്‍ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. കുശിനഗറില്‍ വിതരണം ചെയ്ത മദ്യം ബിഹാറില്‍ നിന്നാണെന്നും യുപി പോലീസ് പറയുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധിത സംസ്ഥാനമാണ് ബിഹാര്‍.
സഹാരന്‍പുരില്‍ 30 മദ്യ പക്കറ്റുകള്‍ വിതരണം ചെയ്തതില്‍ രണ്ടെണ്ണമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവ ആരൊക്കെയാണ് കുടിച്ചതെന്നും അവരുടെ നിലവിലെ സ്ഥിതി എങ്ങനെയാണ് എന്നും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ വ്യാജമദ്യ ലോബി യു.പി.യില്‍ സജീവമായിട്ടുണ്ട്.