ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കണ്‍വെന്‍ഷന്‍ നടക്കും. പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുക. സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി.

കന്യാസ്ത്രീകളും വൈദികരും ഉള്‍പ്പെടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അതേസമയം ഏതൊക്കെ ജില്ലയില്‍ നിന്നും കന്യാസ്ത്രീകള്‍ എത്തുമെന്ന് വ്യക്തമല്ല. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തര്‍ രൂപതയില്‍ നിന്നും മാത്രമാണ് പുറത്താക്കിയിരിക്കുന്നത്. ബിഷപ്പ് സ്ഥാനത്ത് തുടരുന്ന ഫ്രാങ്കോയെ തരം താഴ്ത്തണമെന്ന ആവശ്യവും സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വെയ്ക്കുന്നു.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ കന്യാസ്ത്രീകള്‍ക്ക് സഭയുടെ താക്കീത് ലഭിച്ചിരുന്നു. സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ളവരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. നിലവില്‍ കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീകള്‍ താമസിക്കുന്നത്. ഇവിടെ തുടരാന്‍ അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചന സമരമെന്ന നിലയില്‍ ഇ്നന് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.