സേവ് ലുട്ടാപ്പി ക്യാമ്പെയിനുമായി സോഷ്യല്‍ മീഡിയ ; ലുട്ടാപ്പിക്ക് വേണ്ടി പ്രമുഖരും രംഗത്ത്
ലുട്ടാപ്പിയെ പുറത്താക്കി പകരം കൊണ്ടുവരുന്ന ഡിങ്കിനി എന്ന കഥാപാത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി എന്നീ ഹാഷ്ടാഗുകളോടൊപ്പം ലുട്ടാപ്പിയെ ഒഴിവാക്കുന്നതില്‍ കടുത്ത അമര്‍ഷവും വിയോജിപ്പും ആശങ്കയും പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഗായകന്‍ വിധു പ്രതാപും ഇക്കൂട്ടത്തില്‍ ഉണ്ട്.
വയസ്സായി എന്നു പറഞ്ഞ് ഒരാളെ നമുക്ക് പുറത്താക്കാന്‍ പറ്റി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്നത് ശരി തന്നെ. എന്നാല്‍ ഈ വയസ്സാവര്‍ നമുക്ക് പകര്‍ന്ന് തന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് മറക്കാന്‍ സാധിക്കില്ല. ബാലരമ ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ലുട്ടാപ്പിയെ പുറത്താക്കിയിരിക്കുന്നതെന്നും വിധുപ്രതാപ് പറയുന്നു.
എന്നാല്‍ ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ലുട്ടാപ്പിയെ സഹായിക്കാന്‍ പുതിയൊരു കഥാപാത്രം വരുന്നതേയുള്ളൂവെന്നും മനോരമയിലെ ജീവനക്കാരനായ കെ ടോണി ജോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ലുട്ടാപ്പിക്ക് വേണ്ടി ബാലരമ കൂടുതല്‍ പേജുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും ടോണി കുറിച്ചു.
മായാവി എന്ന ചിത്രകഥാ പരമ്പരയില്‍ ലുട്ടാപ്പിയോടൊപ്പം ഡിങ്കിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ബാലരമ പുലിവാല് പിടിച്ചത്. ‘മായാവിക്ക് പുതിയ എതിരാളി, ഇതേക്കുറിച്ച് അറിയാന്‍ പുതിയ ബാലരമ കാണൂ എന്ന് പറഞ്ഞ് ബാലരമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഒരു പോസ്റ്റിട്ടിരുന്നു.
ഡിങ്കിനി എന്ന കഥാപാത്രം വന്നതോടെ ലുട്ടാപ്പിയെ ഒഴിവാക്കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി സേവ് ലുട്ടാപ്പി എന്ന പേരില്‍ ട്രോളന്‍മാര്‍ ക്യാംപെയ്ന് തുടക്കമിടുകയായിരുന്നു.