റഫാല്‍ കരാറിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധര്‍ ആക്കിമാറ്റുന്നു എന്ന് ശിവസേന

റഫാല്‍ കരാറില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തുന്നു. റഫാലില്‍ തൃപ്തികരമായ മറുപടി കിട്ടുന്നത് വരെ ഓരോ ഇന്ത്യക്കാരനും ഇതില്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.

സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും സാമ്ന ചോദിക്കുന്നു.

മോദി പാര്‍ലമെന്റില്‍ റഫാല്‍ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രം കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവിട്ടു. ഇപ്പോള്‍ ബിജെപി പറയുന്നത് മുഴുവന്‍ സത്യങ്ങളും പ്രസിദ്ധീകരിച്ചില്ല എന്നാണ്. ഇന്ന് കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് രാജ്യമെമ്പാടും പ്രസിദ്ധമായി.

അതിന് കാരണം കോണ്‍ഗ്രസല്ല. മറിച്ച് കാര്യങ്ങള്‍ മറച്ചുവെക്കുന്ന മോദിയുടെ രീതികൊണ്ടാണ് എന്നും ശിവസേന ആരോപിക്കുന്നു. അതുപോലെ മോദി പറയുന്നത് ബിജെപിയെ വിമര്‍ശിക്കൂ, മോദിയെ വിമര്‍ശിക്കൂ, പക്ഷേ രാജ്യത്തെ വിമര്‍ശിക്കരുത് എന്നാണ്. ഇത് എന്താണ് അര്‍ഥമാക്കുന്നതെന്ന് മോദി ഭക്തന്മാര്‍ വിശദീകരിക്കണെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.