കാശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികളെ കൊലപ്പെടുത്തി

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും യുദ്ധസാമഗ്രികളും തോക്കുകളുമടക്കം വന്‍ ആയുധശേഖരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായി സൈനിക വക്താവ് രാജേഷ് കാലിയ പറഞ്ഞു.

തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്നാണ് ഞായറാഴ്ച രാവിലെ ആറ് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സൈന്യത്തിനെ കണ്ട തീവ്രവാദികള്‍ അവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടല്‍ ഉച്ചയ്ക്ക് 12 വരെ നീണ്ടു. അതേസമയം കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍, ഏത് തീവ്രവാദി ഗ്രൂപ്പുകളില്‍പ്പെട്ടാവരാണ് തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.