സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ ; സിപിഎം വിശദീകരണം തേടി

ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്ന് സിപിഎം. സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎം രീതിയല്ല. അതിനാല്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു.

വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നാളെ ഈ വിഷയം ചര്‍ച്ച ചെയ്യുകയും തുടര്‍നടപടികള്‍ എന്തു വേണമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്നും കെ കെ ജയചന്ദ്രന്‍ വ്യക്തമാക്കി. സ്ത്രീകളോട് മോശം പരാമര്‍ശം നടത്തരുതെന്ന കൃത്യമായ നിലപാട് പാര്‍ട്ടിക്കുണ്ട്.

അവിടെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് പരിശോധിക്കാനായി വന്നപ്പോള്‍ രേണു രാജടക്കമുള്ള ഉദ്യോഗസ്ഥരെ ഓടിച്ചു വിട്ടത് കോണ്‍ഗ്രസുകാരാണ്. ഡിസിസി പ്രസിഡന്റും സ്ഥലം പഞ്ചായത്ത് പ്രസിഡന്റുമായ കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാരാണ് ആദ്യം അവരെ തടഞ്ഞതും തിരിച്ചയച്ചതുമെന്നും കെ കെ ജയചന്ദ്രന്‍ ആരോപിച്ചു.

അതേസമയം സംഭവത്തില്‍എംഎല്‍എ ഖേദം പ്രകടിപ്പിച്ചു . പരാമര്‍ശങ്ങള്‍ സബ് കളക്ടറെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നെന്നും എംഎല്‍എ പറഞ്ഞു. പൊതുജന മധ്യത്തില്‍ സബ് കളക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് എംഎല്‍എ ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിനെത്തിയ ചൈത്ര തെരേസ ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയത് അടുത്തിടെയാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ സിപിഎം എംഎല്‍എ യുടെ അധിക്ഷേപമുണ്ടായത്.