റഫാല്‍ ; കേന്ദ്രത്തിനു നേരെ കുരുക്ക് മുറുകുന്നു ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനു എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി. കരാര്‍ വിവരം സുപ്രീം കോടതിയില്‍ നിന്ന് മറച്ച് വെച്ചു . മൂന്നാം കക്ഷി ആധാര വ്യവസ്ഥയും ഒഴിവാക്കി. അവിഹിത സ്വാധീനത്തിന് പിഴ ഈടാക്കുന്ന വ്യവസ്ഥയും ഈ കരാറില്ല. പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ദി ഹിന്ദു പത്രമാണ് വാര്‍ത്ത പുറത്തു വിട്ടത്.

റഫാല്‍ ഇടപാടില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് വെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ ഇടപെട്ടുവെന്ന ആരോപണം ജെ പി സി അന്വേഷിക്കമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം പ്രക്ഷുബ്ദമാക്കും.

ഹിന്ദു പുറത്ത് വിട്ട റിപ്പോര്‍ട്ട് കൂടിയാകുമ്പോള്‍ ഇന്ന് ഇരുസഭകളും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. സി എ ജി രാജീവ് മെഹ്ഋഷി റഫാല്‍ ഇടപാട് നടക്കുന്ന കാലത്ത് കേന്ദ്ര സാമ്പത്തിക സെക്രട്ടറിയായിരുന്നതിനാല്‍ റിപ്പോര്‍ട്ട് അദ്ദേഹത്തെ രക്ഷിക്കാനുതകുന്ന തരത്തിലായിരിക്കുമെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റഫാല്‍ ഇടാപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തയ്യാറാക്കി കഴിഞ്ഞെന്നാണ് സൂചന. റിപ്പോര്‍ട്ട് പുറത്ത് വരുമെന്ന് വ്യക്തമായതോടെ സി എ ജി രാജീവ് മെഹ്ഋഷിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. റഫാല്‍ ഇടപാട് നടക്കുന്ന 2015 കാലത്ത് രാജീവ് മെഹ്ഋഷി നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലുളള സാന്പത്തിക സെക്രട്ടറിയായിരുന്നു.

ഇടപാടുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന അദ്ദേഹം സ്വയം രക്ഷിക്കാനുള്ള കാര്യങ്ങളാവും സി എ ജി റിപ്പോര്‍ട്ടില്‍ പറയുക എന്നതാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ സി എ ജിക്ക് കത്ത് നല്‍കി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്നില്‍ വെക്കണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ മുതല്‍ ഉന്നയിക്കുന്നതാണ്. നരേന്ദ്ര മോദിയുടെ കീഴിലുള്ള ഈ സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം രണ്ട് ദിവസം മാത്രം ശേഷിക്കെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കാനുള്ള നീക്കത്തെയും പ്രതിപക്ഷം വിമര്‍ശിച്ചു.

റിപ്പോര്‍ട്ടിന്‍മേല്‍ സഭയില്‍ ചര്‍ച്ച നടത്താന്‍ ഇനി സാധ്യത വിരളമാണ്. റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധിച്ചതോടെ വെള്ളിയാഴ്ച്ച പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിയേണ്ടി വന്നിരുന്നു. ഇന്നും സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത. റഫാല്‍ കരാര്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.