ഷുക്കൂര്‍ കൊലക്കേസ് ; പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം . അതുപോലെ ടി.വി രാജേഷ് എംഎല്‍എയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണു തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) കണ്ണപുരം കീഴറയില്‍ കൊല്ലപ്പെട്ടത്.

ജയരാജന്റെ വാഹനം ആക്രമിച്ച സംഘത്തില്‍ ഷുക്കൂര്‍ ഉണ്ടായിരുന്നതായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ പ്രചരണമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഘത്തില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിപിഎം ഭാരവാഹികള്‍ക്കെതിരായ കേസ്.

സംഭവത്തില്‍ പോലീസും സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഷുക്കൂറിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമര്‍പ്പിച്ചിരുന്നു. അതിന് ശേഷമാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കിയ ശേഷമാണ് കൊലനടത്തി എന്നാണ് കേസ്.