ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം ; മരിച്ചവരില്‍ മലയാളിയും

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരു മലയാളിയും . ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

53 വയസ്സുകാരിയായ ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കൂടെയുണ്ടായിരുന്ന നളിന അമ്മ, വിദ്യാസാഗര്‍ എന്നിവരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഡല്‍ഹിയില്‍ വിവാഹ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു കേരളത്തില്‍ നിന്നുള്ള 13 അംഗ സംഘം. സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്നും വ്യക്തമാകുന്നു.

പുലര്‍ച്ചെ 4.30 ഓടെയാണ് തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുന്‌പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. തീ പടര്‍ന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ അപകടത്തിന്റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. തീ പടരുന്നത് കണ്ട് ടെറസില്‍നിന്ന് എടുത്ത് ചാടിയാണ് രണ്ടുപേര്‍ മരിച്ചത്. വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് അപകടം നടന്ന കരോള്‍ ബാഗ്.