അംബാനിക്ക് വേണ്ടി മോദി ചാരപ്പണി നടത്തി എന്ന് രാഹുല്‍ഗാന്ധി ; റഫാൽ ഇടപാടില്‍ പുതിയ തെളിവ്

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ വീണ്ടും പുതിയ ആരോപണം. ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ഇത് തെളിയിക്കാന്‍ എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ ഇടപാടുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫ്രാന്‍സ് പര്യടനത്തിന് പോയതിന് പത്ത് ദിവസം മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫിസിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു എന്നതിന് ‘ദ് ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രം തെളിവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈ സന്ദര്‍ശനം സ്ഥിരീകരിച്ച് എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം പുറത്തുവിടുന്നത്.

ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഇമെയില്‍ സന്ദേശമാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഫ്രഞ്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ സമയത്ത് പ്രധാനമന്ത്രിയുമായുള്ള ധാരണാപത്രത്തെ കുറിച്ച് അനില്‍ അംബാനി പറഞ്ഞിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഫ്രഞ്ച് സര്‍ക്കാരും-ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തെ കുറിച്ച് ഫ്രാന്‍സോ, ഇന്ത്യന്‍ പ്രതിരോധമന്ത്രാലയമോ അറിയുന്നതിന് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം അറിയാവുന്ന ഒരു കാര്യം എങ്ങനെയാണ് അനില്‍ അംബാനി അറിഞ്ഞതെന്നാണ് രാഹല്‍ ഗാന്ധി ചോദിക്കുന്നത്.

ഇതിലൂടെ മോദി ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് ലംഘിച്ചുവെന്നും, അനില്‍ അംബാനിയുടെ ഇടനിലക്കാരാനായാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് കേവലം അഴിമതിയുടെ കാര്യം മാത്രമല്ലെന്നും രാജ്യ സുരക്ഷയുടെ കാര്യമാണെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

2015 മാര്‍ച്ച് അവസാനവാരമാണ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രില്‍ 9 മുതല്‍ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇത്.

റഫാല്‍ ഇടപാടിന്റെ അന്തിമ രൂപം തയ്യാറായി കരാര്‍ ഒപ്പു വയ്ക്കപ്പെടുമെന്ന് നേരത്തേ അനില്‍ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനില്‍ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാന്‍ പോയത്. അങ്ങനെയെങ്കില്‍ അത്തരം വിവരങ്ങള്‍ അനില്‍ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങള്‍ അംബാനിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നോ? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നത്.

‘പ്രിയ വിദ്യാര്‍ത്ഥികളെ യുവാക്കളെ, നിങ്ങളുടെ 30,000 കോടി രൂപ പ്രധാനമന്ത്രി തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.