ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം ; 18 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തിലധികം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

പരിക്കേറ്റവരെ ശ്രീനഗറിലെ സൈനികആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്.