ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം ; മരിച്ച ജവാന്മാരുടെ എണ്ണം 42 ആയി

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരണസംഖ്യ നാല്പത്തിരണ്ടായി . നാല്‍പ്പതിലേറെ ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പരിക്കേറ്റ സൈനികരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.

കര, വായു സേനകളുടെ വിമാനങ്ങളിലും ഹെലികോപ്ടറുകളിലും പരിക്കേറ്റവരെ ദില്ലിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക ഫോറന്‍സിക് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണ് പുല്‍വാമയില്‍ നടന്നത്.

അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍ ഒരുമിച്ച് ചേര്‍ന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാന്‍മാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 20 അകലെ ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.

വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. 200 കിലോ ഗ്രാം സ്‌ഫോടക വസ്തു വാഹനത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന HR49 F0637 ബസിലുണ്ടായിരുന്ന 42 സൈനികരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സിആര്‍പിഎഫ് പുറത്തുവിട്ടു.

ഇവരില്‍ ആരെങ്കിലും ജീവനോടെ ശേഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഈ ട്രക്ക് കൂടാതെ നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെപ്പറ്റിയും മരിച്ചവരെപ്പറ്റിയുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജമ്മു – ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത ഒരുവിധം യാത്രായോഗ്യമായതിന് ശേഷം ആദ്യമായി പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. 2547 സൈനികരാണ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികര്‍ മോശം കാലാവസ്ഥ കാരണം ശ്രീനഗറിലേക്ക് പോകാനാകാതെ ജമ്മുവില്‍ തുടരുകയായിരുന്നു. ഇത്രയധികം സൈനികര്‍ കോണ്‍വോയില്‍ ഉള്‍പ്പെട്ടത് ഇതുകൊണ്ടാണ്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാറുള്ള വാഹനവ്യൂഹത്തെപ്പറ്റി കൃത്യമായി മനസിലാക്കി, ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണ് നടന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു.ജെയ്‌ഷെ മുഹമ്മദ് അംഗവും പുല്‍വാമ സ്വദേശിയുമായ വഖാര്‍ എന്നു വിളിക്കുന്ന ആദില്‍ അഹമ്മദാണെന്ന് ചാവേറാക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

2018ലാണ് ഇയാള്‍ ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത് . ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വാഡ് അംഗമായിരുന്നു ഇയാള്‍. 016 ലുണ്ടായ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്. ആക്രണത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അപലപിച്ചു. രാജ്നാഥ് സിങ് നാളെ പുല്‍വാമയില്‍ എത്തും