കുംഭമാസ പൂജയ്ക്ക് നടതുറന്നു ; ശബരിമല ശാന്തം

കുംഭമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമല സാധാരണ നിലയില്‍. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെങ്കിലും സുരക്ഷാ പരിശോധനകളില്‍ കുറവ് വരുത്തിയിട്ടില്ല. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലാണ് ശബരിമലയിലെ കുംഭമാസ പൂജകള്‍ നടക്കുന്നത്. നടതുറന്ന് ഇതുവരെ 16,000 ഭക്തരോളം സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് കണക്ക്. സമധാനപരമായ അന്തരീക്ഷത്തിലാണ് കുംഭമാസ പൂജകള്‍ പുരോഗമിക്കുന്നത്.

ഇതിനിടയിലും അന്യസംസ്ഥാനത്തുനിന്നുള്ള നാലുയുവതികള്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. പോലീസ് ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി അറിയാതെ എത്തിയവരാണ് ഇവര്‍ എന്നാണ് സൂചന. അതിനിടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും എന്ന് പ്രഖ്യാപിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഈ ശ്രമത്തില്‍ നിന്ന് പിന്മാറിയെന്നാണ് സൂചന. ശബരിമലയില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍മസമിതി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പോലീസ് സന്നാഹങ്ങള്‍ പിന്‍വലിക്കാതെ തുടരുന്നത്.