അമേരിക്കയില്‍ അടിയന്തരാവസ്ഥ ; നീക്കം മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാൻ
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് ലഭിക്കാനാണ് ട്രംപിന്റെ നീക്കം.
അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്.
മെക്‌സിക്കന്‍ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗമാകുമെന്നായിരുന്നു വിമര്‍ശനം. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അനുവദിക്കാനുള്ള ബില്ലില്‍ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്ന് മതില്‍നിര്‍മ്മാണത്തില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് സാധിച്ചു.
മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ സെനറ്റ് 1.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എങ്ങനെയും സമ്മര്‍ദ്ദം ചെലുത്തി നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം.