പിളര്‍പ്പിലേയ്ക്ക് വീണ്ടും കേരളാ കോണ്ഗ്രസ് ; മത്സരിക്കാൻ തയ്യാറായി പി ജെ ജോസഫ്

കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പി ജെ ജോസഫ് തയ്യാറെടുക്കുന്നതോടെയാണ് ഉടനെ ഒരു പൊട്ടിത്തെറി ഏവരും പ്രതീക്ഷിക്കുന്നത്.

ജോസഫിന് സീറ്റ് ഉറപ്പാക്കി മുന്നണിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് കൂടി മുന്‍കൈ എടുക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് അറിയിക്കാനും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

രണ്ട് സീറ്റ് എന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ലോക്‌സഭാ സീറ്റിലേക്ക് പിജെ ജോസഫ് മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. തിങ്കളാഴ്ച കോണ്‍ഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാകുമെന്ന് ജോസഫ് വിഭാഗം കരുതുന്നില്ല. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് ആണെങ്കില്‍ പോലും സീറ്റ് ജോസഫ് വിഭാഗത്തിനു വേണം. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയ സാഹചര്യത്തില്‍ പകരം ലഭിക്കുന്ന ലോക്‌സഭാ സീറ്റ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നതാണ് ഇവരുടെ വാദം.

കോട്ടയമോ ഇടുക്കിയോ ആണെങ്കിലും മത്സരിക്കാന്‍ പി ജെ ജോസഫ് തയ്യാറാണ്. പാര്‍ട്ടിയിലും മുന്നണിയിലും പൊട്ടിത്തെറി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കൂടി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഉഭയ കക്ഷി ചര്‍ച്ചക്ക് മുമ്പ് ഞായറാഴ്ച കൊച്ചിയിലുള്ള കോണ്‍ഗ്രസ് നേതാക്കളെ ജോസഫ് വിഭാഗം കാണുന്നുണ്ട്.

പിജെ ജോസഫിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ പിളര്‍പ്പ് അനിവാര്യമായ സാഹചര്യമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്. അതേ സമയം ജോസ് കെ മാണിയുടെ കേരള യാത്ര വേളയില്‍ തന്നെ പാര്‍ട്ടിയില്‍ ഭിന്നത തലപൊക്കിയതിന്റെ കടുത്ത പ്രതിഷേധത്തിലാണ് മാണി വിഭാഗം.