പാകിസ്താന്റെ സ്വപ്നം നടക്കില്ല; ചെയ്തത് വലിയ തെറ്റ്; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
”ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കും”
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമം വിജയിക്കില്ല. അക്രമികളെ പിന്തുണയ്ക്ക് മുഖമടച്ച് മറുപടിയെന്നും മോദി പറഞ്ഞു. രാജ്യത്തെ വിഭജിക്കാമെന്ന സ്വപ്നം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാറ്റി വെയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.