പുല്‍വാമയില്‍ ആക്രമികള്‍ ഉപയോഗിച്ചത് ആര്‍ ഡി എക്സ് ; പുതിയ വിവരങ്ങള്‍ പുറത്ത്
പുല്‍വാമയില്‍ ചാവേറാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് സിആര്‍പിഎഫ്. ഐഇഡി ആണ് ഉപയോഗിച്ചതെന്ന രീതിയില്‍ നേരത്തെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. അറുപത് കിലോ ആര്‍ഡിഎക്‌സ് ഉപയോഗിച്ചതെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.വാഹനത്തില്‍ ഇടിക്കുന്നതിന് മുന്‍പ് പെട്ടിത്തെറിയുണ്ടായി. 150 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നും സിആര്‍പിഎഫ് പറഞ്ഞു.
അപകടത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണ്. എസ് യുവി അല്ല അപകടത്തിന് ഉപയോഗിച്ചതെന്നുളള വെളിപ്പെടുത്തലുകളും പുറത്ത് വരുന്നുണ്ട്.
പുല്‍വാമ ഭീകരാക്രമണം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും ഇതിന് മാപ്പ് നല്‍കില്ലെന്നും രക്തസാക്ഷികളുടെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും സിആര്‍പിഎഫ് പറഞ്ഞു.
ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കുമെന്നും സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ 22 കാരന്‍ ആദില്‍ അഹമ്മദായിരുന്നു ജെയ്ഷെ മുഹമ്മദിന് വേണ്ടി ചാവേറായത്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കളായിരുന്നു ആദില്‍ വാഹനത്തില്‍ കരുതിയിരുന്നത്.
ഭീകരാക്രമണത്തിന് ശത്രുക്കള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജവാന്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മോദി വ്യക്തമാക്കി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്ലി പറഞ്ഞു.
പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നിലവില്‍ വേറെ ചര്‍ച്ചയൊന്നുമില്ലെന്നും ഈ ദുര്‍ഘട നിമിഷത്തില്‍ താന്‍ സര്‍ക്കാരിനും ജവാന്മാര്‍ക്കും ഒപ്പമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.