പി ഡി പിയുടെ ഓഫീസ് പൊലീസ് സീല്‍വെച്ചു ; നടപടി പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍

ജമ്മു കശ്മീരില്‍ പി ഡി പിയുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പാണ് നടപടി.

ഇന്ന് ഉച്ചോയടെ മെഹ്ബൂബ ഓഫീസില്‍ സന്ദര്‍ശനം നടത്തുമെന്നാണ് അറിയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിന് തൊട്ടുമുന്‍പ് പൊലീസ് എത്തി ഓഫീസ് അടച്ചു പൂട്ടുകയായിരുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ശക്തമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിഘടനവാദി നേതാക്കളായ മീര്‍വായീസ് ഉമറുല്‍ ഫാറൂഖ്, ശബീര്‍ ഷാ,ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ഭട്ട്, ഹാഷിം ഖുറൈഷി എന്നിവരുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.

ഇവരുടെ സുരക്ഷക്കായി നല്‍കിയിട്ടുള്ള വാഹനങ്ങളും ഉദ്യോഗസ്ഥരെയും വൈകിട്ടോടെ പിന്‍വലിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. ഇവര്‍ മറ്റെന്തെങ്കിലും സര്‍ക്കാര്‍ സൗകര്യങ്ങള്‍ അനുവഭവിക്കുന്നുണ്ടെങ്കില്‍ അവയും പിന്‍വലിക്കും.

അതിനിടെ പുല്‍വാമ ആക്രമണങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ ഭാഗങ്ങളിലുള്ള കശ്മീരി സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണമായി മാറി. ഈ സാഹചര്യത്തില്‍ കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.