കാസര്‍ഗോഡ് ഇരട്ടകൊലപാതകം ; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍
കാസര്‍കോട് : കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട കൃപേഷ് തന്നെ വധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസ് എടുത്തിരുന്നു എന്നും പൊലീസ് പറഞ്ഞു.
തനിക്ക് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നു കൃപേഷിന്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അരുണേശ്, നിഥിന്‍,നീരജ് എന്നിവര്‍ക്കെതിരെ കേസ് എടുത്തത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ പ്രാഥമികന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.