കാസര്‍കോട് ഇരട്ടകൊലപാതകം ; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം ; കടയ്ക്ക് തീവച്ചു
കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ പരക്കെ അക്രമം. വിലാപയാത്ര കടന്നു പോയ വഴിയിലെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകൾ അടിച്ചുതകർത്തു. സിപിഎം അനുഭാവിയുടെ കടയാണ് തീ വെച്ച് നശിപ്പിച്ചത്.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവര്‍ക്കും വെട്ടേറ്റത്. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വിലാപയാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ധിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ 10 കേന്ദ്രങ്ങളിലായി നൂറുകണക്കിന് പേര്‍ അന്തിമോചാരം അർപ്പിച്ചു. പലയിടത്തും പ്രവര്‍ത്തകരുടെ വികാരം അണപൊട്ടി.
ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്വന്തം നാടിനടുത്തുള്ള കാഞ്ഞങ്ങാടും പെരിയയിലും മൃതദേഹമെത്തിയപ്പോള്‍ കാത്ത് നിന്ന പ്രവര്‍ത്തകര്‍ വിങ്ങിപ്പൊട്ടി. ജനക്കൂട്ടത്തിന്‍റെ തിരക്ക് കാരണം മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കാനായിരുന്നില്ല. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അർപ്പിച്ചു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ കാസർഗോഡ് ജില്ലയില്‍ പൂർണ്ണമായിരുന്നു. പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. സംഭവം നടന്ന കല്യോട്ടും കാസർകോട് നഗരത്തിലും ഇന്നലെ രാത്രി ചെറിയ അക്രമങ്ങളുണ്ടായെങ്കിലും ഇന്ന് സ്ഥിതി ശാന്തമായിരുന്നു. സുരക്ഷാ മുൻ കരുതലുകൾക്കായി നാല് പ്ലാറ്റൂൺ അധിക പൊലീസിനെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.