പെരിയ ഇരട്ട കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി
കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാമ്പരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസര്‍കോട് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്പരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു.
ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലുള്ള മറ്റ് ആറ് പേരെ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനാണ് പീതാംബരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു പീതാംമ്പരന്‍. കൊലപാതകങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട് – കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്.
ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
അതിനിടെ പെരിയ കൊലപാതകത്തില്‍ അക്രമികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ആക്രമി സംഘം എത്തിയത് മഹീന്ദ്ര സൈലോ വാഹനത്തിസാണ്. കാസര്‍കോട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്. കൃത്യം നിര്‍വഹിച്ചത് മൂന്നംഗ സംഘമാണെന്നും പൊലീസ് വ്യക്തമാക്കി.