കേരളാ പോലീസില്‍ ഇതാ ഒരു യന്തിരന്‍ എസ് ഐ
ഇന്ത്യന്‍ അല്ല ലോകത്തില്‍ ആദ്യമായി ഒരു റോബോട്ട് പോലീസ് ചാര്‍ജ്ജ് എടുത്തിരിക്കുകയാണ് നമ്മുടെ കേരളാ പോലീസില്‍. തിരുവനന്തപുരം വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാനാണ് റോബോട്ടിനെ ഒരുക്കിയിരിക്കുന്നത്. കെ പി ബോട്ട് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വനിതാ പോലീസിന്റെ രൂപത്തിലുള്ള റോബോട്ടിന് എസ്.ഐ. റാങ്കാണ് നല്‍കിയിരിക്കുന്നത്.
പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുക, സന്ദര്‍ശകരെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് പോകാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകള്‍.യന്ത്രമനുഷ്യനില്‍ നിന്നും നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി ലഭിക്കും.
ഇതിനു പുറമേ യന്ത്രത്തില്‍ സജ്ജമാക്കിയിരിക്കുന്ന ടച്ച് സ്‌ക്രീനില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കാം. സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കാനും റോബോട്ടിന് സാധിക്കും. ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനുള്ള ഓര്‍മ്മശേഷിയും ഈ റോബോട്ടിനുണ്ട്.
സന്ദര്‍ശകര്‍ക്ക് ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നല്‍കാനും ഈ യെന്തിരന്‍ എസ്.ഐ.യ്ക്ക് കഴിയും. യന്ത്രമനുഷ്യന്റെ സേവനം പോലീസ് സേവനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ കൊച്ചിയില്‍ നടന്ന പോലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സമ്മേളനത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് കേരളപോലീസ് തുടക്കം കുറിച്ചിരിക്കുന്നത്.
കേരള പോലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍, തെര്‍മല്‍ ഇമേജിങ്, ഗ്യാസ് സെന്‍സറിംഗ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്. സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കു കൂടി പുതിയ റോബോട്ട് എസ്.ഐ.യെ സജ്ജമാക്കാനുള്ള സാങ്കേതിക വിദ്യയാണ് ഇനി പോലീസിന്റെ ലക്ഷ്യം.