കാസര്‍കോട് ഇരട്ടകൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കല്യാട് സ്വദേശി സജി ജോണാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായരുടെ എണ്ണം രണ്ടായി. സജിയാണ് പ്രതികള്‍ക്ക് വാഹനം എത്തിച്ച് കൊടുത്തത് എന്ന് പോലീസ് പറയുന്നു.

നേരത്തെ കേസില്‍ പിടിയിലായ സിപിഎം ലോക്കല്‍ കമ്മറ്റി മുന്‍ അംഗം പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

പീതാംബരനെ കല്യോട്ട് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലക്ക് ഉപയോഗിച്ചെന്ന് കരുതുന്ന വടിവാളും ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയിരുന്നു. പാര്‍ട്ടി അറിഞ്ഞിട്ടല്ല കൊലപാതകമെന്ന് ആവര്‍ത്തിച്ച പീതാംബരന്‍ തനിക്ക് നേരെ നടന്ന അക്രമത്തില്‍ പാര്‍ട്ടി ഇടപെടാത്തതിലെ മാനഹാനിയാണ് ഇരട്ട കൊലപാതത്തിലേക്ക് നയിച്ചതെന്ന് മൊഴി നല്‍കിയെന്നാണ് പൊലീസ് ഭാഷ്യം.

വന്‍ പൊലീസ് സന്നാഹത്തോടെ കല്യാട്ടെത്തിച്ച പ്രതിയെ ആയുധങ്ങള്‍ ഉപേക്ഷിച്ച പറമ്പിലെത്തിച്ച് തെളിവെടുത്തു. പൊട്ട കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ പിടിയില്ലാത്ത ഒരു വടിവാളും, മൂന്ന് ഇരുമ്പുദണ്ഡുകളുമാണ് പരിശോധനക്കിടെ കണ്ടെത്തിയത്.പ്രതിക്ക് നേരെ ഇവിടെ വെച്ച് നാട്ടുകാരുടെ ഭാഗത്തു നിന്ന് കയ്യേറ്റ ശ്രമവുമുണ്ടായി.