ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യ-സൗദി തീരുമാനം

ഭീകരതയ്‌ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കി. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. എന്നാല്‍ പാകിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല.

സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ആവശ്യമാണെന്നും അവരെ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു. സൗദിക്കും ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സൗദി-ഇന്ത്യ ബന്ധം രക്തത്തില്‍ അലിഞ്ഞതെന്ന് സൗദി കീരീടാവകാശി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കി. സൌദി കീരിടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അഞ്ച് സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു.

പശ്ചിമേഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഉണ്ടാവുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങി അഞ്ച് മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടു. ഏതാണ്ട് 44 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ സൗദി അറേബ്യ നടത്തുക.