വിയന്നയിലെ സീറോ മലബാര്‍ സഭയെ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ കീഴിലാക്കി: ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 3ന് മൈഡിലിങ്ങില്‍

വിയന്ന: ഇന്ത്യയില്‍ നിന്നുള്ള പൗരസ്ത്യ കത്തോലിക്ക സഭയായ സീറോ മലബാര്‍ സമൂഹത്തെ ഓസ്ട്രിയയില്‍ മലയാള ഭാഷാവിഭാഗം എന്ന നിലയില്‍ അന്യഭാഷാ സമൂഹങ്ങളുടെ (fremdsprachige Gruppe) പട്ടികയില്‍ നിന്നും മാറ്റി പൗരസ്ത്യ സഭകള്‍ക്കുള്ള (സുയിയുറീസ് ഗണത്തില്‍ വരുന്ന) ഓര്‍ഡിനറിയാത്തിന്റെ കീഴിലാക്കി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 3ന് മൈഡിലിങ്ങില്‍ നടക്കും.

യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും പൗരസ്ത്യ സഭാവിശ്വാസികള്‍ ന്യുനപക്ഷമായ പല രാജ്യങ്ങളിലും കത്തോലിക്കാ സഭ പൗരസ്ത്യ സഭകള്‍ക്കായി ഓര്‍ഡിനറിയാത്തുകള്‍ സ്ഥാപിച്ചട്ടുണ്ട്. ഓസ്ട്രിയയിലെ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ കീഴിലായിരിക്കും ഇനിമുതല്‍ രാജ്യത്തെ സീറോ മലബാര്‍ സഭാസമൂഹം. മലയാളി കത്തോലിക്കാ എന്നതില്‍ നിന്നും സീറോ മലബാര്‍ സഭ എന്നറിയപ്പെടാനുള്ള സുപ്രധാന അവസരമാണ് പുതിയ തീരുമാനത്തിലൂടെ കൈവന്നിരിക്കുന്നത്.

ഓസ്ട്രിയയിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ ഉള്‍പ്പെട്ട കേരള കത്തോലിക്കാ സമൂഹത്തെ (എം.സി.സി വിയന്ന) ആര്‍ഗെ ആഗിന്റെ (ARGE AAG) കീഴില്‍ വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലിന്റെ അജപാലന ചുമതലയിലായിരുന്നു ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ സീറോ മലബാര്‍ സഭ മറ്റു പൗരസ്ത്യ സഭകളുടെ കൂടെ പുതിയ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ കര്‍ദിനാളിന്റെ നേരിട്ടുള്ള ഭരണത്തില്‍ ആയിരിക്കും. അതേസമയം മലയാളി കത്തോലിക്കാ സമൂഹത്തിന് ഇതുവരെ ആര്‍ഗെ ആഗിന്റെ നേതൃത്വത്തില്‍ വിയന്ന അതിരൂപത നല്‍കിവന്ന സഹായസഹകരണങ്ങള്‍ നന്ദിയോടെ സ്മരിക്കേണ്ട അവസരം കൂടിയാണിത്.

ഇതുവരെ വിയന്ന അതിരൂപതയില്‍ അന്യഭാഷാ സമൂഹമായി അറിയപ്പെട്ടിരുന്ന സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും പൈതൃകവും ഉള്ള സ്വതന്ത്ര സഭയെന്ന നിലയില്‍ അറിയപ്പെടാനും, സഭയുടെ തനിമ അതെ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനുള്ള അംഗീകാരം കൈവരുന്ന ചരിത്രപരമായ ചുവടുവയ്പ്പുകൂടിയായിരിക്കും മാര്‍ച്ച് 3ന് നടക്കാന്‍ പോകുന്നത്.

പുതിയ ഓര്‍ഡിനറിയാത്ത് വഴി സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന ഔദ്യോഗിക നടപടികളില്‍ ലഭിക്കുന്ന പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കുന്ന ചടങ്ങിനായിരിക്കും 2019 മാര്‍ച്ച് 3 സാക്ഷ്യം വഹിക്കുന്നത്.

പൗരസ്ത്യ കല്‍ദായ സഭ, മറോണൈറ്റ് സഭ, സീറോ മലബാര്‍ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കോപ്റ്റിക് കത്തോലിക്ക സഭ എന്നിവയാണ് ഇപ്പോള്‍ പുതുതായി ഓര്‍ഡിനറിയാത്തില്‍ ചേര്‍ത്ത കത്തോലിക്കാ സഭാ വിഭാഗങ്ങള്‍. ഇതോടെ 1956ല്‍ നിലവില്‍ വന്ന ‘ബൈസന്റൈന്‍ ഓര്‍ഡിനറിയാറ്റ്’ ഓസ്ട്രിയയിലെ പൗരസ്ത്യ കത്തോലിക്കാ സഭകളെ മുഴുവന്‍ ഉള്‍കൊള്ളുന്ന പൗരസ്ത്യസഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്ത് ആയി മാറി.