പെരിയ ഇരട്ടക്കൊലപാതകം : അഞ്ചുപേര്‍ കൂടി അറസ്റ്റില്‍ ; അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍ കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും കേസില്‍ അന്വേഷണംനടത്തുക. അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. അക്രമിസംഘത്തിലുണ്ടായിരുന്ന ആലക്കോട് സ്വദേശി സുരേഷ്, കല്യോട്ട് സ്വദേശികളായ ഗിരിജന്‍,അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത എല്ലാവരും പിടിയിലായെന്നാണ് പോലീസ് നല്‍കുന്ന സൂചന. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍, അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന സജി ജോര്‍ജ് എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു.