കെഎച്ച്ഡിഎ പരിശോധനയില്‍ മികച്ച പ്രകടനം നിലനിര്‍ത്തി ദുബായ് ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂള്‍


ദുബായ്: ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ( കെഎച്ച്ഡിഎ) പരിശോധനയില്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ മികച്ച നിലവാരം നിലനിര്‍ത്തി ദുബായിലെ ദി ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂള്‍. കഴിഞ്ഞ വര്‍ഷം ഓക്ടോബറില്‍ നടന്ന ദുബായ് സ്‌കൂള്‍ ഇന്‍സ്പക്ഷന്‍ ബ്യൂറോയുടെ (DSIB) വാര്‍ഷിക പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലീഷ്, ഗണിതശാസ്ത്രം, മറ്റ് ശാസ്ത്രവിഷയങ്ങള്‍ എന്നിവയില്‍ കെജി മുതല്‍ പ്ലസ്റ്റൂതലംവരെയുള്ള വിദ്യാര്‍ത്ഥികളുടെ നിലവാരം മികച്ചതാണെന്ന് കെഎച്ച്ഡിഎ വിലയിരുത്തി. ഈ വിഷയങ്ങളില്‍ കെജിതലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ വളരെവേഗമാണ് മുന്നേറുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സാമൂഹികാവബോധരൂപീകരണത്തിലും സ്‌കൂളിന്റെ പങ്ക് മികച്ചതാണെന്നും സമിതി കണ്ടെത്തി.


സ്‌കൂളിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങളും കെഎച്ച്ഡിഎ പരിശോധനയുടെ ഭാഗമായി തേടിയിരുന്നു. സ്‌കൂളധികൃതരില്‍നിന്നും മികച്ച പിന്തുണയും സംരക്ഷണവും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്‌കൂളിന്റെ പ്രകടനത്തിലും സംതൃപ്തിയും രേഖപ്പെടുത്തി. സ്‌കൂളിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ചിട്ടയോടുകൂടിയും കാര്യക്ഷമമായും മുന്നോട്ടുപോകുന്നുണ്ടെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവുംകുറഞ്ഞ ഫീസില്‍ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും ലഭ്യമാക്കുന്നുവെന്നതാണ് ദി ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂളിനെ ശ്രദ്ധേയമാക്കുന്നത്. മലയാളികളുള്‍പ്പടെയുള്ള ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ ഏറെയുള്ള ദുബായില്‍ ഭാരിച്ച വിദ്യാഭ്യാസച്ചെലവെന്നത് പല കുടുംബങ്ങളേയും നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍, എമിറേറ്റിലെ മികച്ച ഇന്ത്യന്‍ സ്‌കൂളുകളിലൊന്നായ നിംസ് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

തങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഫീസാണ് നിംസ് ഈടാക്കുന്നതെന്നും മറ്റു സ്‌കൂളുകളിലെപ്പോലെ ഹിഡന്‍ ചാര്‍ജ്ജുകളൊന്നുംതന്നെയില്ലെന്നും പല രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും 10000 യു എ ഇ ദിര്‍ഹത്തിനു മുകളിലാണ് ശരാശരി വാര്‍ഷിക ഫീസെങ്കില്‍ നിംസില്‍ കെജി മുതല്‍ പ്ലസ്ടൂതലംവരെ 3800-6800 ദിര്‍ഹമാണ് ശരാശരി ഫീസീടാക്കുന്നത്.

സ്‌കൂളില്‍നിന്നും ലഭിക്കുന്ന മികച്ച സാമൂഹികാവബോധവും ഇസ്‌ളാമിക സംസ്‌കാരികാവബോധവും കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായി ലഭ്യമാക്കുവാന്‍ സഹായിക്കുന്നുണ്ടെന്നാണ് കെഎച്ച്ഡിഎ അഭിപ്രായപ്പെടുന്നത്.

വിശ്വാസ്യതയുടെ നാല്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ദി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറിതലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന ഇന്ത്യന്‍ സ്‌കൂള്‍കൂടിയാണ്. കേരള-സ്ബിഎസ്ഇ-സ്‌പെഷ്യന്‍ നീഡ് സിലബസ്സുകള്‍ സ്‌കൂള്‍ ലഭ്യമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

‘ഗള്‍ഫ് മേഖലയിലെ ഇന്ത്യാക്കാര്‍ക്കിടയില്‍ പ്രശസ്തമായ നാമമാണ് നിംസ്. ഏറ്റവും മികച്ച വിദ്യാഭ്യാസവും അനുബന്ധ സൌകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല. അതു ഞങ്ങള്‍ ഫലപ്രദമായി നിറവേറ്റുന്നു. ഇനിയും അത് മികച്ചരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജ്ജമാണ് കെഎച്ച്ഡിഎ പരിശോധനാറിപ്പോര്‍ട്ട് നല്‍കുന്നത്’, നിംസ് ദുബായ് പ്രിന്‍സിപ്പാള്‍ ഡോ.മൊഹമ്മദ് അസ്ലം ഖാന്‍ പറഞ്ഞു. ‘റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി റേറ്റിംഗ് ഇനിയുമുയര്‍ത്താന്‍ ഞങ്ങള്‍ പരിശ്രമിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയിലും അലൈനിലുമുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളുകള്‍, ദുബായ് സെന്റ്രല്‍ സ്‌കൂള്‍, അബുദാബി മോഡല്‍ സ്‌കൂള്‍ എന്നിവയും ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.