മലപ്പുറം എടവണ്ണയില്‍ പെയിന്‍റ് ഗോഡൗണിൽ വന്‍ തീപ്പിടിത്തം ; രണ്ട് ലോറികള്‍ കത്തിനശിച്ചു

മലപ്പുറത്ത് എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു.

ഗോഡൗണിലേക്ക് എത്തിയ ലോറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല. എന്നാല്‍ അപകടം സംഭവിച്ച് രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമായിട്ടില്ല. നാല് വശവും മതില്‍ കെട്ടിയ രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടത്തില്‍ വലിയ ടാങ്കറുകളില്‍ ഇത്തരം രാസവസ്തുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇനിയും പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.