തീപിടുത്തം ; ബംഗ്ലൂരില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു
ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന വേദിയ്ക്ക് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേന താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ആളപായമില്ല.
എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയവരുടെ കാറുകളാണ് അഗ്‌നിക്കിരയായത്. സംഭവം നടക്കുമ്പോള്‍ കാറിലെത്തിയവര്‍ എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്നിടത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിത്.
വ്യോമസേനയും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീ പടരാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് ശക്തമായ കാറ്റുവീശിയതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. ഇരുചക്രവാഹനങ്ങളും കത്തിനശിച്ചതായാണ് വിവരം.
തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വേനല്‍ തുടങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തീ പിടിത്തം സര്‍വ്വ സാധാരണമായിക്കഴിഞ്ഞു.