ഇത് താന്‍ടാ പോലീസ് ; ട്രെയിനില്‍നിന്ന് വീണ യുവാവിനെയും ചുമലിലെടുത്ത് പോലീസുകാരന്‍ ഓടിയത് 1.5 കിലോമീറ്റര്‍

ട്രെയിനില്‍നിന്ന് വീണ് അത്യാസന്ന നിലയിലായ യുവാവിനെ രക്ഷപ്പെടുത്താന്‍ പോലീസുകാരന്‍ യുവാവിനെയും ചുമന്ന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് പോലീസുകാരന്റെ സമയോചിത പ്രവര്‍ത്തനത്തിലൂടെ ഒരു മനുഷ്യ ജീവന്‍ രക്ഷപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് അജിത് എന്ന ഇരുപതുകാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണത്. വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെക്കുറിച്ച് പ്രദേശവാസിയായ ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവര്‍ രാഹുല്‍ സക്കാലെയും സ്ഥലത്തെത്തിയത്.

ഇവര്‍ എത്തുമ്പോള്‍ റെയില്‍വേ ട്രാക്കിനു സമീപം ഗുരുതരമായി പരിക്കേറ്റ് മരണാസന്നനായി കിടക്കുകയായിരുന്ന അജിത്. സംഭവ നടന്ന സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരുമായിരുന്നില്ല. യുവാവിനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കേണ്ടതിനാല്‍ ചുമലിലെടുത്ത് പോലീസ് ജീപ്പുവരെ എത്തിക്കുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

റേയില്‍വേ ട്രാക്കില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു പോലീസ് വാഹനം ഉണ്ടായിരുന്നത്. അവിടെവരെ യുവാവിനെയും ചുമന്നു പോലീസുകാരന്‍ ഓടുകയായിരുന്നു.

യുവാവിനെ ചുമലിലെടുത്ത് കോണ്‍സ്റ്റബിള്‍ പൂനം ബില്ലോര്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാട്ടുകാരനായ ഒരാള്‍ ആണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. പോലീസുകാരന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ പുകഴ്ത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.