എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

എയര്‍ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് അജ്ഞാത ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. ഫെബ്രുവരി 23 ന് വിമാനം റാഞ്ചുമെന്നാണ് സന്ദേശം. ഇതേത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനം നിയന്ത്രണം അധികൃതര്‍ ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

പാര്‍ക്കിങ് ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാത്രക്കാരുടെ ബാഗുകളുടെയും, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ദ്രുത കര്‍മസേനയെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദ്ദേശമുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ലഭിച്ച ഭീഷണിസന്ദേശം അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെയും മുംബൈ നഗരത്തിലുണ്ടായ സ്ഫോടനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇത്. തൊട്ടുപിന്നാലെയാണ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം.