കുവൈറ്റിലെ പ്രവാസി സംഘടന പ്രതിനിധികള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുമായി ചര്‍ച്ച നടത്തി

കുവൈറ്റിലെ പ്രവാസി സംഘടനയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപി യുമായി കുവൈറ്റിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ കുവൈറ്റ് സിറ്റിയിലെ സിറ്റി ടവര്‍ ഹോട്ടലില്‍വച്ച്ചര്‍ച്ചകള്‍ നടത്തുകയും ചര്‍ച്ചയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു.

ചര്‍ച്ചകളില്‍ പ്രധാനമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം വര്‍ഷങ്ങളായി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ജില്ല സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കാരണംകൂടാതെ ഇന്ത്യന്‍ എംബസിയുടെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതിനെ കുറിച്ചും ആയിരക്കണക്കിന് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് റസിഡന്‍സ് പുതുക്കാനായി എന്‍ബിഎ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ കുവൈറ്റ് ഗവണ്‍മെന്റിന്റെ പുതിയ നടപടിക്രമം മൂലമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍- എന്‍ജിനീയര്‍ പ്രൊഫഷന്‍ മാറി മറ്റ് തസ്തികകളില്‍ ജോലി ചെയ്യേണ്ട അവസ്ഥയും, ജോലി നഷ്ടപ്പെടുന്ന സാഹചര്യവും തുടര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പടെ മറ്റു പല സൗകര്യങ്ങളും നഷ്ടപ്പെടുന്നതും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ വിമാനക്കമ്പനികള്‍ കാരണംകൂടാതെ സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു.

ഈ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്ന വിഷയങ്ങള്‍ ആയതിനാല്‍ ബഹുമാനപ്പെട്ട എം പി യുടെ പൂര്‍ണ പിന്തുണയും സഹകരണവും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിലെ സംഘടന പ്രതിനിധികള്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ക്ക്പൂര്‍ണ്ണമായ പിന്തുണയും സഹകരണവും ബന്ധപ്പെട്ട മന്ത്രാലയ അധികൃതരുടേയും എംബസി ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സഹായങ്ങളും ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉറപ്പുനല്‍കി. ലോക കേരള സഭാംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍(ഫിറ) കുവൈറ്റ് കണ്‍വീനറുമായ ബാബു ഫ്രാന്‍സിസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ സംഘടന പ്രതിനിധികളായ സലീം രാജ്, ജീവ്‌സ് എരിത്തേരി, ജേക്കബ്ബ് ചണ്ണപ്പെട്ട, ജെയിംസ് പൂയപ്പള്ളി, ജോര്‍ജ് വൈരമണ്‍, അഡ്വ: ലാജി ജേക്കബ്ബ്, ജോയ് കരവാളൂര്‍ – മനോജ് മാത്യൂ അലക്‌സ് മാത്യൂ – സുബു തോമസ്, അലക്‌സ് കുട്ടി പനവേലില്‍, തമ്പി ലൂക്കോസ്, ജിജു മേതല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു