പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ റോമില്‍ ആഘോഷിച്ചു
ജെജി മാത്യു മാന്നാര്‍
റോം: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 24ന് ആഘോഷിച്ചു. ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. എബ്രഹാം മാര്‍ സെറാഫിം തിരുമേനി മുഖ്യ കാര്‍മ്മികനായിരുന്നു.
അഭി. ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ ഓര്‍മ്മയിലും, അനീഥേ പ്രമാണിച്ചു സകല വാങ്ങിപോയവര്‍ക്കുവേണ്ടിയും ധൂപ പ്രാര്‍ത്ഥന നടത്തി. സഭക്ക് സ്വയം ശീര്ഷകത്വവും, സ്വാതന്ത്ര്യവും, ഭരണഘടനയും നേടിയെടുക്കാന്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി സഹിച്ച ത്യാഗങ്ങള്‍ അനുസ്മരണ പ്രഭാഷണത്തില്‍ സെറാഫിം തിരുമേനി വിവരിച്ചു.
സമാധാനത്തിനുവേണ്ടി കാലുപിടിച്ചപ്പോള്‍ തൊഴിയേല്‍ക്കേണ്ടി വന്നതിനാല്‍ ആണ് ആ മഹത്തായ സ്വാതന്ത്ര്യം നാം അനുഭവിക്കുന്നത് എന്നും, എന്നാല്‍ ഇന്നും ആ പരിശുദ്ധ പിതാവിനെയും അദ്ദേഹത്തിന്റെ മഹത്തായ ത്യാഗത്തിന്റെ വിലയും മനസിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല എന്നും അഭി. സെറാഫിം തിരുമേനി അഭിപ്രായപ്പെട്ടു. സഭ ഇന്ന് ചില പ്രതിസന്ധികളില്‍ കൂടിയാണ് നീങ്ങുന്നത്. ശാശ്വതവും പൂര്‍ണ്ണവുമായ സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും തിരുമേനി പറഞ്ഞു.