ഓസ്ട്രിയയിലെ സീറോ മലബാര്‍ സഭാംഗങ്ങളെ ഓര്‍ഡിനറിയാത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം: മാര്‍ച്ച് 3ന് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലും സഹകാര്‍മ്മികരാകും
വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ സഭയെ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ കീഴിലാക്കുന്ന പ്രഖ്യാപനം വിശ്വാസികളെ അറിയിക്കുന്ന ചടങ്ങ് മാര്‍ച്ച് 3ന് മൈഡ്ലിങ് മരിയ ലൂര്‍ദസ് ദേവാലയത്തില്‍ നടക്കും.
യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന നടപടികളുടെ ഭാഗമായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഓര്‍ഡിനറിയാത്ത് വഴി ഓസ്ട്രിയയിലെ മലയാളി വിശ്വാസ സമൂഹത്തില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ കാര്യാലയം അറിയിച്ചു.
11.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനാകും. വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ, അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരികാട്ട് , വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ലയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈന്‍ വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവര്‍ക്കൊപ്പം സ്ഥലത്തെ മറ്റ് വൈദികരും സഹകാര്‍മ്മികരാകും.
വി. കുര്‍ബാനയ്ക്ക് ശേഷം ബിഷപ്പ് ഫ്രാന്‍സ് ഷാറ്ലും, ഫാ. യുറിയി കൊളാസയും വത്തിക്കാന്‍ രൂപീകരിച്ചിരിക്കുന്ന ഓസ്ട്രിയയിലെ പുതിയ ഓര്‍ഡിനറിയാത്തിന്റെ ക്രമങ്ങളും, ആര്‍ഗെ ആഗുമായുള്ള തുടര്‍ബന്ധങ്ങളുടെ ക്രമീകരണവും വിശ്വാസി സമൂഹത്തെ ഔപചാരികമായി അറിയിക്കും. അഗാപ്പയോടുകൂടി ചടങ്ങുകള്‍ അവസാനിക്കും.