തിരുവനന്തപുരം വിമാനത്താവളം അധാനിക്ക് സ്വന്തം ; സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി
എതിര്‍പ്പുകള്‍ക്ക് ഇടയില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്‌ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍,ലഖ്‌നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്റെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം വലിയ നേട്ടമാകും. ആര്‍ക്ക് നടത്തിപ്പ് കിട്ടിയാലും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നേരത്തെ മുഖ്യമന്ത്രി നല്‍കിയിരുന്നു. എല്‍ഡിഫ് ശക്തമായ സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകാതിരുന്നതും തിരിച്ചടിയായി.
ഗുവാവത്തി വിമാനത്താവളത്തിന്റെ ലേല നടപടികള്‍ ചില സംഘടനകള്‍ അവിടുത്ത ഹൈക്കോടതിയെ സമീപിച്ചതിനാല്‍ സ്റ്റേ ചെയ്തിരുന്നു. തിരുവനന്തുപരത്തെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ രണ്ട് യാത്രക്കാര്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്‌ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെഎസ്‌ഐഡിസിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്.