ഹെലികോപ്റ്ററില്‍ പറക്കുന്നതില്‍ കേരള മുഖ്യമന്ത്രിമാരിൽ ഒന്നാമനായി പിണറായി
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാശില്ല എന്ന് നാഴികയ്ക്ക് നാല്പതുവട്ടം സങ്കടം പറയുന്ന കേരള സര്‍ക്കാരിന്റെ മുഖ്യമന്ത്രി തന്നെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവാക്കുന്നത് ലക്ഷങ്ങള്‍. കാണിച്ചുകുളങ്ങരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരികെ ആലപ്പുഴക്കും മുഖ്യമന്ത്രി പറക്കുന്നത് ഹെലികോപ്ടറില്‍ . തിരുവനന്തപുരത്ത് സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് സമാപന ചടങ്ങില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി അതേ ഹെലികോപ്ടറില്‍ തിരികെ ആലപ്പുഴക്ക് പറക്കും.
സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് സമാപനത്തിനായാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് . അവിടെ നിന്ന് ഹെലികോപ്ടറില്‍ തന്നെ ആലപ്പുഴക്ക് എത്തും. വൈകിട്ട് വരെ ജില്ലയില്‍ വിവിധ പരിപാടികളുണ്ട്. ഇതാദ്യമല്ല മുഖ്യമന്ത്രിയുടെ ‘പറക്കല്‍ പാച്ചില്‍’ . ജനുവരി 28ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ബെഫി ദേശീയ സമ്മേളന റാലിയില്‍ പ്രസംഗിച്ചു തീരുമ്പോള്‍ കോട്ടയത്ത് ദേശാഭിമാനി അക്ഷരമുറ്റം പരിപാടിയില്‍ സ്വാഗത പ്രസംഗം തുടങ്ങിയിരുന്നു. എന്നാല്‍ സ്വാഗത പ്രസംഗം തീരുംമുമ്പേ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ കോട്ടയത്ത് പറന്നിറങ്ങി സംഘാടകരേയും അമ്പരപ്പിച്ചു.
2017 ഡിസംബര്‍ 26 ന് സി പി എം തൃശൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ വന്ന തിനു ചെലവായ 8 ലക്ഷം രൂപ നല്‍കിയത് ഓഖി ഫണ്ടില്‍ നിന്നായിരുന്നു. വിവാദമായപ്പോള്‍ പണം പാര്‍ട്ടി നല്‍കുമെന്ന് അവകാശപ്പെട്ടെങ്കിലും തുക പോയത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്.
മധുരയില്‍ 2017 നവംബര്‍ 6 ന് ദളിത് മുക്തി ശോഷണ്‍ മഞ്ച് എന്ന സംഘടനയുടെ പരിപാടിക്ക് പറന്നു പോയതിന് ചെലവ് 7 ലക്ഷത്തി 60000 രൂപ. ഇങ്ങനെ ഹെലികോപ്ടര്‍ യാത്രയില്‍ ഇതുവരെയുള്ള കേരള മുഖ്യമന്ത്രിമാരില്‍ മുന്നിലെത്തിയിരിക്കുകയാണ് പിണറായി വിജയന്‍.
ശബരിമല വിഷയത്തില്‍ ഒപ്പം നിന്നതിന് വെള്ളാപ്പള്ളി നടേശനുള്ള സര്‍ക്കാര്‍ ഉപഹാരമാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ടൂറിസം പില്‍ഗ്രിം സെന്ററെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മൂന്നരക്കോടി രൂപയ്ക്കാണ് നിര്‍മാണം. ക്ഷേത്രത്തിലെ പരിപാടിയായതിനാല്‍ സമയവും കാലവും നോക്കിയാണ് ക്ഷേത്ര ഭാരവാഹികള്‍ ഒമ്പതു മണി തെരഞ്ഞെടുത്തത്. നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് കെഎസ്ഡിപിയിലെ പരിപാടിയും കഴിഞ്ഞ് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്രയും ഹെലികോപ്ടറില്‍ തന്നെയാണ് .ലക്ഷങ്ങളാണ് ഇതിന് വേണ്ടിവരുന്ന ചെലവ്.