കന്നിയാത്രയില്‍ തന്നെ പെരുവഴിയിലായി കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്

കെ എസ് ആര്‍ ടി സി കോര്‍പ്പറേഷന്റെ മണ്ടത്തരങ്ങള്‍ക്ക് ഒരു ഉത്തമ ഉദാഹരണം കൂടി. കൊട്ടിഘോഷിച്ച് ഇന്ന് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ കന്നിയാത്രയില്‍ തന്നെ പെരുവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കു പോയ രണ്ടു ബസുകളാണ് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നത്. ആദ്യ ബസ്സ് ചേര്‍ത്തലക്ക് സമീപമെത്തിയപ്പോഴാണ് ചാര്‍ജ് തീര്‍ന്ന് കുടുങ്ങിയത്.

തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റി വിട്ടു. മറ്റൊരു ബസ് വൈറ്റില ജംഗ്ഷനു സമീപം വെച്ചുമാണ് ചാര്‍ജ്ജ് തീര്‍ന്ന് നിന്നത്. പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനമെന്ന നിലയിലാണ് കെഎസ്ആര്‍ടിസി ഇന്ന് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയത്. നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടിയെത്തുമാണ് അധികൃതര്‍ അറിയിച്ചത്.

തിരുവനന്തപുരത്തും എറണാകുളത്തുമായി ഇന്ന് സര്‍വീസ് ആരംഭിച്ച ഇലക്ട്രിക് ബസ് പക്ഷേ ആദ്യദിവസം തന്നെ പാതിവഴിയില്‍ പണിമുടക്കുകയായിരുന്നു. രാവിലെ 5 മണിക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസാണ് ചേര്‍ത്തലക്ക് സമീപമെത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കുടുങ്ങിയത്.

ഹരിപ്പാട് ചാര്‍ജിങ് സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും അവിടുന്ന് ബസ് ചാര്‍ജ് ചെയ്തിരുന്നില്ല. പാതിവഴിയില്‍ നിന്നതോടെ പെരുവഴിയിലായ യാത്രക്കാര്‍ ക്ഷുഭിതരാവുകയും ബസ് ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇവരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിയയച്ചു.

എന്നാല്‍ ബസ് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കെന്ന് ബസിലെ കണ്ടക്ടര്‍ ഫാത്തിമ പറയുന്നു. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട് മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നെന്ന് ഫാത്തിമ പറയുന്നു.

എന്നാല്‍ ഈ ബസ്സും ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് വൈറ്റില ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. ഇനി ഈ ബസ് ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ അടുത്തുള്ള ചാര്‍ജിങ് സെന്ററായ ആലുവ വരെ എത്തിക്കേണ്ടതുണ്ട്. ബസ്സുകള്‍ വഴിയില്‍ കിടക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കമ്പനി പ്രതിനിധികളുടെ സഹായം തേടിയിട്ടുണ്ട്.

നിലവില്‍ 10 ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങിയിട്ടുളളത്. ആലുവയ്ക്ക് പുറമേ പാപ്പനംകോട്, ഹരിപ്പാട്, എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സെന്റുകളുള്ളത്. അതേ സമയം ദേശീയപാതയിലെ ഗതാഗതകുരുക്ക് കാരണം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം യാത്രയ്ക്ക് എടുത്തെന്നും ഇതാണ് ചാര്‍ജ്ജ് തീരാന്‍ കാരണമായതെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിശദീകരണം.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വ്വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിച്ചത്. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ബസ് ഫലപ്രദമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്.