പുല്‍വാമ ; ചാവേര്‍ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു

പുല്‍വാമ ആക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിന്റെ ഉടമ.

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാളെന്നാണ് കണ്ടെത്തല്‍. എന്‍ഐഎ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാര്‍ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ കണ്ടെടുത്തു.

ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തത്. സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍നിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാറിന്റെ യഥാര്‍ത്ഥ ഉടമയെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടി. എന്നാല്‍ ആക്രമണം നടന്ന ദിവസം തന്റെ വാഹനം മോഷണം പോയിരുന്നതായാണ് ഉടമ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 2010-11 മോഡല്‍ കാര്‍ പെയിന്റെ അടിച്ച് പുത്തനാക്കിയതാണെന്ന് ദൃശ്യങ്ങളില്‍ കാണാം.

കോണ്‍വേയില്‍നിന്ന് സിആര്‍പിഎഫ് ജവാന്‍മാരേയും കയറ്റികൊണ്ടുള്ള ബസ് വരുന്നതിന് തൊട്ടുമുമ്പായി ഭീകരന്‍ കോണ്‍വേയില്‍ കാര്‍ ഇടിച്ച് കയറ്റാനുള്ള ആദ്യ പരിശ്രമം നടത്തിയിരുന്നു. ഇതിനിടയില്‍ സര്‍വീസ് റോഡില്‍ നിന്ന് ചുവപ്പ് മാരുതി ഇക്കോ കാര്‍ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ട സൈനികര്‍ ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത്തെ പരിശ്രമത്തില്‍ ഭീകരന്‍ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു.

ജമ്മുവില്‍ നിന്ന് 78 ബസുകളിലായി 2500 സൈനികരാണ് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികള്‍ നല്‍കിയിരിക്കുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പ് ചുവന്ന നിറത്തിലുള്ള ഇക്കോ കാറില്‍ പതിവായി ഒരാള്‍ കോണ്‍വേയ്ക്ക് സമീപത്തായി വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.