വിമാനത്താവളങ്ങള്‍ അധാനിക്ക് ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി

സ്വകാര്യവല്‍ക്കരണ നീക്കം നടക്കുന്ന രാജ്യത്തെ ആറില്‍ അഞ്ച് വിമാനത്താവളത്തിലും അദാനി ഗ്രൂപ്പിന് ലഭിച്ചതിനു എതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയും അദാനിയും തമ്മില്‍ നല്ല പരിചയമാണെന്നും അതുകൊണ്ടാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മോദിയും അദാനിയും തമ്മില്‍ പരിചയമുണ്ടെങ്കിലും വിമാനത്താവള നടത്തിപ്പില്‍ അദാനി ഗ്രൂപ്പിന് പരിചയമില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. നാടകം കളിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏല്‍പിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരാണ് വിമാനത്താവളത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ ശത്രുപക്ഷത്ത് നിര്‍ത്തി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാല്‍ അതിന് വഴങ്ങുന്ന സര്‍ക്കാരല്ല കേരളത്തിലേത്. വിമാനം പറക്കുന്നത് ആകാശത്തിലൂടെയാണ്. എന്നാല്‍ അതിന് സൗകര്യമൊരുക്കേണ്ടത് ഭൂമിയിലാണ്. അത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ, മംഗലാപുരം എന്നിവടങ്ങളിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം സ്വകാര്യവല്‍ക്കരണം സമബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ലേലനടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ കമ്പനിയായ കെഎസ്‌ഐഡിസിക്ക് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സ്വകാര്യവത്കരണ നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.