ഭീകര ക്യാമ്പ് ആക്രമണം ; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം

ഭീകരര്‍ക്ക് എതിരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് എല്ലാ വിധ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കി. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറായി ഇരിക്കണമെന്നും നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണസജ്ജരാണെന്ന് ഇന്ത്യന്‍ കരസേനയും വ്യോമസേനയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. എല്ലാ വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ന്നതായും വിവരമുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ കൂടാതെ മറ്റ് ചില ഭീകര സംഘടനയുടെ താവളങ്ങളും തകര്‍ന്നു.

അതേസമയം, ഇന്ത്യ പാക് അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ രംഗത്തെത്തി. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ പാക് വിമാനങ്ങള്‍ തിരിച്ചടിക്ക് തയ്യാറായെന്നും ഇതോടെ വിമാനങ്ങള്‍ തിരിച്ച് പോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് അസിഫ് ട്വിറ്ററില്‍ കുറിച്ചു.

തിരിച്ചു പറക്കുന്നതിനിടെ ബാലകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക് ആരോപണത്തോട് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം.