ജപ്തി നടപടിയുമായി ബാങ്കുകള്‍ ; ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു
ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നതിനിടയില്‍ ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പെണ്‍മക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ മാസം 18ന് ആണ് സുരേന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.
നേരത്തെ ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയം കാരണം കൃഷി നശിച്ച കര്‍ഷകര്‍ക്ക് ജപ്തി തുടരുന്നതിനാല്‍ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.